ചരിത്രത്തിലുണ്ടാകാൻ ചിത്രത്തിൽ വേണം

നാം പകരുന്നതെന്തോ അതാണ് നമ്മെ ജീവിപ്പിക്കുന്നത്. നാളെ ഓർക്കപ്പെടുന്നതും ജീവിതത്തിന്റെ ശേഷിപ്പായി അടയാളപ്പെടുത്തുന്നതും ഈ പകരലാണ്. അങ്ങനെ കോറിയിടപ്പെടണമെങ്കിൽ നാം ചിത്രത്തിൽ വേണമെന്ന് ചുരുക്കം. ചെറുപ്പകാലത്ത് പ്രത്യേകിച്ചും. മുതിർന്നവരുടെ അദ്ധ്വാനത്തിന്റെ നിദാനമന്വേഷിച്ചാൽ കുട്ടികൾക്ക് വേണ്ടിയുള്ള ഈ സമർപ്പണത്തിന്റെ പാഠം കാണാം. ഏതു കട്ടി ഹൃദയരെയും നനച്ചൊഴുക്കാൻ ഒരു കുരുന്നിന്റെ അരിപ്പല്ലുകൾക്കാവുന്നത് എന്തു കൊണ്ടാണ്? ആരാന്റേതെങ്കിലും കുട്ടിയുടെ പിഞ്ചിളം അധരത്തിൽ മുത്തമിടാൻ കൊതിക്കാത്തവർ മനുഷ്യ വർഗമാണോ? തന്റേതാകുമ്പോൾ ഈ തലോലത്തിന് പത്തരമാറ്റ് വരും. ഈ ലാളനയും ഇഷ്ടവും കുട്ടികൾ മുതിർന്നവർക്ക് എന്തെങ്കിലും നല്കുന്നതൊന്റെ പകരമല്ല തന്നെ. അത് കൊണ്ടാണ് നിഷ്കളങ്കമായ അവരുടെ സാന്നിധ്യത്തിനു പോലും ആ അംഗീകാരം കിട്ടുന്നത്. അല്പം മുതിർന്നാൽ കുറച്ചകലെയല്ലാതെ കിട്ടിയിരുന്ന പരിഗണയും അംഗീകാരവും സ്വീകാര്യതയും കുറഞ്ഞു വരുന്നത് എന്തു കൊണ്ടാണ്? മുതിർന്നവർ പിശുക്ക് കാണിക്കുന്നത് കൊണ്ടാണോ? കാരണം മറ്റൊന്നല്ല. ചിത്രത്തിലുണ്ടാവണമെന്ന തല്ക്കെട്ടിന്റെ അർത്ഥം സാർഥകമാകാത്ത് കൊണ്ടാണത് എന്ന് കണ്ടെത്താൻ അധികം മെനക്കെടേണ്ടതില്ല. ഒരാൾ നാമാവശേഷമായാലും ഓർക്കപ്പെടുകയെന്നതാണ് ചരിത്രം. പക്ഷെ ഇളം പ്രായത്തിൽ പകരത്തിനു പകരമല്ലാതെ ഏകപക്ഷീയമായി തന്നെ സമൂഹത്തിലെ എല്ലവരും കുട്ടിക്ക് നല്കുന്ന പരിഗണന അത്ര തന്നെ നിസ്വാർത്ഥമായിരുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. മുതിർന്നവരുടെ ലാളനയിൽ അവർ എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ടെന്നർത്ഥം.  ഒരു തിരിച്ചു നല്കൽ ആവശ്യമാണെന്ന് ഇത് ദ്യോദിപ്പിക്കുന്നു. സമ്പത്തിന്റെ അളവു കോൽ ഇവിടെ പ്രശ്നമാകുന്നേയില്ല. അടയാളപ്പെടുത്തലുകളാണ് പ്രധാനം. നാളെ വായിക്കപ്പെടാൻ ചിത്രത്തിൽ തെളിഞ്ഞു നില്ക്കട്ടെ എല്ലാരും..!